ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തീരദേശ മേഖലയില്‍ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിയില്‍ തുറന്ന വിശകലനവുമായി മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തീരദേശം ഇടതുപക്ഷത്ത് നിന്ന് അകന്നുവെന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പൊതുവായ പ്രവണതയാണെന്നും, എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വന്‍ പിന്തുണ വോട്ടായി മാറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സാമുദായിക ചരടുവലികള്‍ തിരിച്ചടിയായി തീരദേശത്തിനായി കഴിഞ്ഞ 10 വര്‍ഷക്കാലം നല്‍കിയതുപോലുള്ള പിന്തുണ കേരള ചരിത്രത്തില്‍ മറ്റൊരു കാലത്തും ഒരു സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ഐസക് അവകാശപ്പെട്ടു. 'ക്ഷേമ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയിട്ടും തിരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞത് മുഖ്യമായും സാമുദായിക ചരടുവലികളുടെ ഫലമാണെന്ന് വേണം കരുതാന്‍,' അദ്ദേഹം കുറിച്ചു. വികസന നേട്ടങ്ങളെക്കാള്‍ ഉപരിയായി സമുദായികമായ സ്വാധീനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ആലപ്പുഴയിലെ വിവിധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ചാണ് ഐസക്കിന്റെ പോസ്റ്റ്.