- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന അപകടത്തില്‍ മരിച്ച യുവതിക്കെതിരെ വിവാദ പോസ്റ്റിട്ട് സസ്പെന്ഷന്; ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ മരിച്ചു

കണ്ണൂര്‍: വിമാന അപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമപോസ്റ്റിട്ട് വിവാദത്തില്‍പ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പടന്നക്കാട് തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിംഗ് കോളനിയിലെ എ.പവിത്രന്‍(56) മരിച്ചു. മാവുങ്കാല്‍ സ്വദേശിയാണ്.പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.
ഏതാനും നാളുകളായി പവിത്രന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍(കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), റിഷിക(പത്താംതരം വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശികുമാര്‍, ബാലചന്ദ്രന്‍, സുരേന്ദ്രന്‍, ഉദയഭാനു, പത്മിനി.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് വെള്ളരിക്കുണ്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ താലൂക്ക് ഓഫീസില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പവിത്രനെ റവന്യൂ മന്ത്രി കെ.രാജന്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്. വിമാന അപകടത്തില്‍ കൊല്ലപ്പെട്ട യുവതിയെ അപകീര്‍ത്തിപ്പെടുത്തിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പവിത്രനെതിരെ വ്യാപകമായ പ്രതിഷേധമാണ് പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് റവന്യു വകുപ്പ് അടിയന്തിര ശിക്ഷാ നടപടി സ്വീകരിച്ചത്.


