പാലക്കാട്: പാലക്കാട് പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി മുഹമ്മദ് റാഫി (33) ആണ് മരിച്ചത്. കൊപ്പം മുളങ്കാവിലെ മത്സ്യത്തൊഴിലാളിയാണ് മുഹമ്മദ് റാഫി. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്. പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് റാഫി ഓടിച്ചിരുന്ന ബൈക്കിലിടിച്ചത്.

അപകടത്തില്‍ റാഫിയുടെ തല ബസിനടിയില്‍ പെട്ടു. ഉടന്‍ തന്നെ റാഫിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. റോഡില്‍ വലിയ തോതില്‍ രക്തം തളം കെട്ടി നിന്നിരുന്നു. അപകടത്തെതുടര്‍ന്ന് റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരാണ് പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.കെഎസ്ആര്‍ടിസിയുടെ പുതിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.