- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി പോക്കുവരവ് ചെയ്യുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. പൊന്‍കുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറായ വിഷ്ണുവിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ പിടിയിലായത്. വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതായി നേരത്തേ വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
ഭൂമി പോക്കുവരവിന് പണം ആവശ്യപ്പെട്ട വിവരം അറിയിച്ചതിന് പിന്നാലെ പൗഡര്‍ പുരട്ടിയ 500 രൂപയുടെ നാല് നോട്ടുകള്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരാതിക്കാരന് കൈമാറുകയായിരുന്നു.
വില്ലേജ് ഓഫിസിലെത്തിയ പരാതിക്കാരന്‍ കൈക്കൂലി പണം ഓഫിസര്‍ക്ക് കൈമാറുകയും അദ്ദേഹം അത് വാങ്ങി പാന്റ്‌സിന്റെ പോക്കറ്റില്‍ ഇടുകയും ചെയ്തു. ഇതിന് പിന്നാലെ ഓഫിസിലെത്തിയ പ്രത്യേക സംഘം രാസലായനിയില്‍ ഓഫിസറിന്റെ കൈ മുക്കിയതോടെ നോട്ടിലെ പൗഡര്‍ കലര്‍ന്ന് ലായനിയുടെ നിറം മാറി. ഇതോടെ കൈക്കൂലി പണം വാങ്ങിയെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ സ്‌ക്വാഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് 500 രൂപയുടെ നാല് നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.


