കോഴിക്കോട്: സാബു എം ജേക്കബ്ബിന്റെ ട്വന്റി 20 പാര്‍ട്ടി എന്‍ഡിയില്‍ ചേര്‍ന്നത് സ്വാഭാവിക പരിണാമം ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.അവര്‍ വ്യാപാര സ്ഥാപനമാണ്. അവര്‍ക്ക് എന്‍ ഡി എ യില്‍ ചേരുകയേ മാര്‍ഗ്ഗമുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എസ്എന്‍ഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുത്. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നിരവധി മഹാരഥന്മാര്‍ നയിച്ച പ്രസ്ഥാനമാണ്. ജാതി മത ചിന്തകള്‍ക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എന്‍ എസ് എസ് നേതൃത്വവും ഇക്കാര്യം ഓര്‍ക്കണം. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍ എസ് എസ്. മന്നത്ത് പത്മനാഭന്‍ ഉത്തമനായ കോണ്‍ഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എന്‍എസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുത്.

സാമുദായിക നേതാക്കള്‍ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. എംപിമാര്‍ എല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് പ്രായോഗികമല്ല. എംപിമാര്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ അന്‍വര്‍ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. സീറ്റ് പങ്കിടല്‍ ചര്‍ച്ച യുഡിഎഫില്‍ നടക്കുന്നയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.