കൊല്ലം: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിക്കോ ക്ഷേത്രത്തിനു സമീപം ശ്രീനഗര്‍ 73ല്‍ മേലെചരുവിള തൊടിയില്‍ വീട്ടില്‍ ദീപു ആണ് അറസ്റ്റിലായത്.

ഇരവിപുരം വഞ്ചിക്കോവിലില്‍ ഇരവിപുരം നഗര്‍ 113 ല്‍ പര്‍ണ്ണശാല വീട്ടില്‍ ആദര്‍ശിനെ രണ്ടുദിവസം മുമ്പ് കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ഇരവിപുരം പോലീസും ചേര്‍ന്ന് 66 ചാക്ക് നിരോധിത പുകയില ഉല്‍പന്നവുമായി പിടികൂടിയിരുന്നു. ഇതിലെ പ്രധാനിയായ ദീപു ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇരവിപുരം പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ദീപു, ആദര്‍ശിന്റെ വീടിന്റെ മുകള്‍ ഭാഗം വാടകയ്ക്ക് എടുത്തായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചത്. 9 മാസം മുമ്പ് ദീപു വാടകയ്ക്ക് എടുത്ത കടയില്‍ നിന്നും 50 ചാക്കും സുഹൃത്തുക്കളുടെ വീടുകളില്‍ നിന്നും നിരവധി ചാക്കുകളിലും സുക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയിരുന്നു.

സ്‌കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ ദീപു കച്ചവടം ചെയ്തു വരികയായിരുന്നു. ഇരവിപുരത്തെ ക്ഷേത്രത്തിന്റെ മുന്‍ സെക്രട്ടറിയും മുന്‍ ഡിവൈഎഫ്ഐ നേതാവുമായിരുന്നു ദീപു. ഒളിവില്‍ പോയ ദീപുവിനെ സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവ്, സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, ഡാന്‍സാഫ് എസ്ഐ സായി സേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.