പനങ്ങാട്: ഫെയ്‌സ് ക്രീം കാണാതായതിനെ തുടര്‍ന്ന് കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ സരസുവിനെയാണ് മകള്‍ നിവ്യ ക്രൂരമായി ആക്രമിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്ന് പൊലീസ് പറഞ്ഞു.

നിവ്യ സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്‌സ് ക്രീം കാണാതായതാണ് ആക്രമണത്തിന് തുടക്കം. ക്രീം അമ്മയെടുത്ത് മാറ്റിവച്ചു എന്നാരോപിച്ചാണ് നിവ്യ അമ്മയെ മര്‍ദ്ദിച്ചത്. കമ്പപ്പാര ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സരസുവിന്റെ വാരിയെല്ല് തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയില്‍ വെച്ച് സരസു മകള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കി. ഇതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. ഒടുവില്‍ വയനാട്ടില്‍ നിന്നാണ് നിവ്യയെ പൊലീസ് പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളിയാണ് പരുക്കേറ്റ സരസു. ഗുണ്ട ആക്ട് പ്രകാരം നിവ്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.