- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കുറ്റവാളികള്‍ കുറയുന്നു; കരുതലായി പിണറായി സര്‍ക്കാരിന്റെ 'കാവല്‍': കുറ്റകൃത്യ വാസന 3.3 ശതമാനമായി കുറഞ്ഞു

ആലപ്പുഴ : കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള കുട്ടികളുടെ യാത്ര തടയാന്‍ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയ 'കാവല്‍ പദ്ധതി' ശ്രദ്ധേയമായ നേട്ടത്തില്‍. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ സമൂഹവുമായി ഇണക്കിച്ചേര്‍ത്ത്, വീണ്ടും കുറ്റകൃത്യങ്ങളിലെത്തുന്നത് തടയാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. നടപ്പിലാക്കി ഒന്‍പതുവര്‍ഷത്തിനിടെ കുട്ടികളിലെ കുറ്റകൃത്യ സഹജവാസന 3.3 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞെന്ന് വനിതാ ശിശുവികസന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 സെപ്തംബറില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ കുട്ടികളില്‍ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സഹജവാസന 13 ശതമാനമായിരുന്നു.
പദ്ധതി സുപ്രീംകോടതിയുടെയടക്കം പ്രശംസ നേടി. 1,610 കുട്ടികളെ സമൂഹത്തിന് തിരികെനല്‍കി. ബാലനീതി നിയമം 2015 അടിസ്ഥാനമാക്കി ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി 5,336 കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇതുവരെ മാനസികം, വൈകാരികം, സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, നൈപുണ്യപരിശീലനം തുടങ്ങി 15 മേഖലകളില്‍ പിന്തുണ ലഭ്യമാക്കി. 5,284 പേര്‍ ആണ്‍കുട്ടികളും 51 പെണ്‍കുട്ടികളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് പദ്ധതിയുടെ ഭാഗമായത്. 3,127 പേര്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണ്. ഓരോ കുട്ടിയ്ക്കും വ്യക്തിഗത ശ്രദ്ധാപദ്ധതി തയ്യാറാക്കിയാണ് പ്രവര്‍ത്തനം. 14 ജില്ലകളിലെ 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനാണ് ചുമതല.
കുട്ടികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കുടുംബാംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയ സംവിധാനങ്ങളെ കോര്‍ത്തിണക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. ?ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ (നിംഹാന്‍സ്) പിന്തുണയോടെ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
18 തികയാതെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പിലെത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. കുട്ടികളുടെ സാമൂഹ്യപശ്ചാത്തല അന്വേഷണവും നടത്തും. ഇവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാവല്‍ പദ്ധതിയുടെ ഭാഗമാക്കും. എല്ലാ മാസവും ജില്ലാതലത്തില്‍ കാവല്‍ പ്രതിമാസ അവലോകനയോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. 21 വയസുവരെയാണ് സേവനം ലഭിക്കുക. കുറ്റകൃത്യ സഹജവാസന പൂര്‍ണമായി ഇല്ലാതാകുന്നവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കും. മറ്റുള്ളവരുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി അടക്കമുള്ളവയ്ക്ക് കൈമാറും.


