- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃത്വത്തില്‍ സംശയം; ഉറക്കം കെടുത്തിയ കരച്ചില്‍; ഒരു വയസ്സുകാരനെ കൈമുട്ടുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി: നെയ്യാറ്റിന്‍കരയില്‍ അച്ഛന് അറസ്റ്റിലായപ്പോള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ അച്ഛന് ഷിജിന്റെ മൊഴി പുറത്ത്. കുഞ്ഞിനോട് താല്പര്യക്കുറവ് ഉണ്ടായിരുന്നെന്നും രാത്രിയുള്ള കരച്ചില്‍ അസ്വസ്ഥപ്പെടുത്തിയെന്നും ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് പ്രതിയുടെ മൊഴി.
കവളാകുളം സ്വദേശി ഷിജിനെ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്ന് കുഞ്ഞിനെ മടിയിലിരുത്തിയശേഷം കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് ഇയാളുടെ മൊഴി. മൂന്നാം തവണ ചോദ്യം ചെയ്തതിനുശേഷമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അമ്മയ്ക്കും മര്‍ദന വിവരമറിയാമായിരുന്നോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്.
മരിക്കുന്നതിന് മൂന്നാഴ്ചമുമ്പ് കുഞ്ഞിന്റെ കൈയിലുണ്ടായ പൊട്ടല്‍ കൊലപാതകശ്രമത്തില്‍ സംഭവിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരന്‍ മരിച്ചത്. ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിനുശേഷം കുഴഞ്ഞുവീണെന്നായിരുന്നു അമ്മയുടെ മൊഴി. അച്ഛനും അമ്മയും പരസ്പരവിരുദ്ധമായി മൊഴി നല്‍കിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഇതിനിടെയാണ് ഫോറന്‍സിക് ഡോക്ടറുടെ മൊഴി വന്നത്.


