കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വ്യാപിപ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). നിലവില്‍ വാജിവാഹനം മോഷണക്കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍, കൊടിമര നിര്‍മ്മാണത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ കൂടി പുറത്തുകൊണ്ടുവരാനാണ് നീക്കം. ഇതിനായി അന്വേഷണസംഘം ഉടന്‍ ഹൈക്കോടതിയുടെ അനുമതി തേടും.

2014-ല്‍ ദേവപ്രശ്‌ന വിധിപ്രകാരമാണ് സന്നിധാനത്ത് പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഹൈദരാബാദിലെ ഫീനിക്‌സ് ഗ്രൂപ്പ് 3.2 കോടി രൂപ ചെലവില്‍ കൊടിമരം സ്‌പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവെച്ച് ഭക്തരില്‍ നിന്നും സിനിമ താരങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവും സ്വര്‍ണ്ണപ്പിരിവും നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.

അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഈ പിരിവുകളുടെ കണക്കോ രേഖകളോ ദേവസ്വം ബോര്‍ഡിലില്ല. സിനിമാതാരങ്ങളില്‍ നിന്ന് മാത്രം കോടികള്‍ പിരിച്ചെടുത്തതായാണ് സൂചന. സ്വര്‍ണ്ണം പൊതിഞ്ഞ പഴയ പില്ലറുകള്‍ മാറ്റിയതിലും അഴിമതി നടന്നതായി അന്വേഷണസംഘം സംശയിക്കുന്നു.

പഴയ കൊടിമരം ജീര്‍ണ്ണിച്ചുവെന്നും അതിനാല്‍ പുതിയത് സ്ഥാപിക്കണമെന്നുമായിരുന്നു ദേവപ്രശ്‌ന വിധി. എന്നാല്‍ പഴയത് പൊളിച്ചുമാറ്റിയപ്പോള്‍ അത്തരം ജീര്‍ണ്ണതകളൊന്നും കണ്ടിരുന്നില്ലെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. പഴയ കൊടിമരത്തിലെ അമൂല്യമായ അഷ്ടദിക്പാലകരെയും വാജിവാഹനത്തെയും മാറ്റിയതിലും ഗൂഢാലോചനയുണ്ട്.