തിരുവനന്തപുരം : ആര്‍.സി.സിയില്‍ തലച്ചോറിനെ ബാധിക്കുന്ന കാന്‍സറിനുള്ള മരുന്ന് പാക്കറ്റില്‍ ശ്വാസകോശ കാന്‍സറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തില്‍ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികള്‍ കാലതാമസം കൂടാതെ നിയമാനുസൃതം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

കാന്‍സര്‍ ഗുളിക മാറി നല്‍കിയ സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈ 9 ന് ഫാര്‍മസിയില്‍ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നല്‍കാനായി റാക്കില്‍ നിന്നും എടുത്തപ്പോള്‍ 5 ഗുളിക വീതമുള്ള 10 പാക്കറ്റിന്റെ ഒരു സെറ്റില്‍ 2 പാക്കറ്റില്‍ Etoposide 50 mg എന്ന ലേബല്‍ കണ്ടതായി ആര്‍.സി.സി. ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റില്‍ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 5 ബോട്ടിലുകള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സിറ്റിംഗില്‍ ഹാജരായ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ആര്‍.സി.സി. ഡയറക്ടര്‍ക്ക് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവ് നല്‍കിയത്.