ആലപ്പുഴ: ബോട്ടില്‍ കയറുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ ആറു വയസുകാരിയെ രക്ഷിച്ച് ബോട്ട് ലാസ്‌ക്കര്‍മാര്‍ മാതൃകയായി. ഇന്നലെ രാവിലെ എണ്‍പതില്‍ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് വെച്ചാണ് ബോട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജിഫ മരിയ തോമസ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്. ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാസ്‌ക്കര്‍മാരായ ശെല്‍വരാജ്, ജയലാല്‍ എന്നിവര്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടി. വെള്ളത്തിനടിയിലേക്ക് താഴ്ന്ന്‌പോയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ചമ്പക്കുളം ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട്മാസ്റ്റര്‍ മിഥുന്‍ പി മോഹന്‍, സ്രാങ്ക് ജെ അഷ്‌റാഫ്, ഡ്രൈവര്‍ വൈശാഖ് എന്നിവരും പങ്കാളികളായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവന്‍ മറന്ന് പിഞ്ചുകുട്ടിയുടെ ജീവന്‍ രക്ഷിച്ചതിന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, ചങ്ങനാശേരി മേഖല സീനിയര്‍ സൂപ്രണ്ട് ഹരികുമാര്‍ കെ പി, നെടുമുടി സ്റ്റേഷന്‍ മാസ്റ്റര്‍ എ മനാഫ് ഷറാഫുദ്ദീന്‍, ഷിനില്‍, എ സി ജോസഫ്, മോനിക്കുട്ടന്‍, ദീപു, വി ജി സജി എന്നിവരും അഭിനന്ദിച്ചു.