തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സമുദ്രവിഭവങ്ങളെയും തുറമുഖങ്ങളെയും കോര്‍ത്തിണക്കി വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ സാധ്യതകള്‍ തുറക്കാനാണ് സര്‍ക്കാര്‍ പദ്ധതി. മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വരവോടെ കൈവന്ന വലിയ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം, കൊച്ചി, കൊല്ലം, നീണ്ടകര, കായംകുളം, ആലപ്പുഴ, ബേപ്പൂര്‍ എന്നീ ഏഴ് തുറമുഖങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. കേരള മാരിടൈം ബോര്‍ഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വിദേശക്കപ്പലുകളെ ആകര്‍ഷിക്കും അന്താരാഷ്ട്ര നിലവാരമുള്ള ക്രൂയിസ് കപ്പലുകളെ കേരളത്തിലെ തുറമുഖങ്ങളിലേക്ക് എത്തിക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. സ്വകാര്യ സംരംഭകര്‍ക്ക് ആഡംബര കപ്പലുകള്‍ സര്‍വീസ് നടത്താന്‍ പ്രത്യേക ഇളവുകളും പ്രോത്സാഹനവും നല്‍കും. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുറമെ കൊച്ചിയില്‍ നിന്ന് ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.

പുതിയ നയം നടപ്പിലാകുന്നതോടെ തീരദേശ മേഖലകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം പ്രാദേശികമായി വന്‍തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ലോകത്തിലെ തന്നെ മികച്ച ക്രൂയിസ് ടൂറിസം ഹബ്ബായി കേരളത്തെ മാറ്റാനുള്ള വന്‍ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.