കളമശേരി: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്.എം.ടി മുതല്‍ കൈപ്പടമുകള്‍ വരെയുള്ള ഭാഗത്തെ അനധികൃത കയ്യേറ്റങ്ങള്‍ നഗരസഭ പൊളിച്ചുനീക്കി. റോഡിന് ഇരുവശവും ഫുട്പാത്തും കയ്യേറി സ്ഥാപിച്ചിരുന്ന കച്ചവട സ്ഥാപനങ്ങളാണ് നീക്കം ചെയ്തത്. ഒരാഴ്ചയായി തുടര്‍ന്നുപോന്ന ദൗത്യം ബുധനാഴ്ചയോടെ പൂര്‍ത്തിയായി.

കിഴക്കമ്പലത്തെ ഒരു രാഷ്ട്രീയ നേതാവ് സ്ഥാപിച്ചിരുന്ന അനധികൃത വര്‍ക്ഷോപ്പിന്റെ ഭാഗങ്ങളാണ് ഒടുവിലായി പൊളിച്ചുമാറ്റിയത്. കയ്യേറ്റം സ്വയം നീക്കം ചെയ്യാന്‍ നഗരസഭ ഇദ്ദേഹത്തിന് ഏഴുദിവസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് യന്ത്രസഹായത്തോടെ പൊളിച്ചത്. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന ഈ വര്‍ക്ഷോപ്പിന്റെ പ്രവര്‍ത്തനം വലിയ അപകടഭീഷണിയായിരുന്നു.

കയ്യേറ്റം വന്‍ കച്ചവടം തട്ടുകടകള്‍ക്കും ഹോട്ടലുകള്‍ക്കുമായി ഒരു മാസത്തിനിടെ പത്തോളം പുതിയ നിര്‍മാണങ്ങളാണ് ഇവിടെ നടന്നത്. നഗരസഭയില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയവര്‍ കടകള്‍ വച്ചുകെട്ടി 35,000 മുതല്‍ 50,000 രൂപ വരെ വാങ്ങി മറിച്ചുവില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കടകള്‍ വാടകയ്ക്ക് നല്‍കിയതായും പരാതിയുണ്ട്.

രാത്രികാലങ്ങളില്‍ തട്ടുകടകളില്‍ ഉപയോഗിക്കുന്ന ഫ്‌ലൂറസന്റ് ലൈറ്റുകളും റോഡിലെ അശാസ്ത്രീയമായ വാഹന പാര്‍ക്കിംഗും ഡ്രൈവര്‍മാര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ ഇനി ഒരുകാരണവശാലും അനധികൃത തട്ടുകടകള്‍ അനുവദിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.