- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവ്; കെ.എം. ഷാജിക്ക് വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതി. 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, നിയമസഭാ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതി കണ്ടെത്തലുകളില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. ഷാജിയെ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(എ) പ്രകാരം അയോഗ്യത സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു.
ഈ വാദം അംഗീകരിച്ച ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഹൈക്കോടതിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടെത്തിയാല്‍ ആ വിവരം രാഷ്ട്രപതിക്ക് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2016-ലെ നിയമസഭയുടെ കാലാവധി 2021-ല്‍ അവസാനിച്ചതിനാല്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ കണ്ടെത്തലുകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


