മുംബൈ: വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിച്ചു. അജിത് പവാറിന്റെ രാഷ്ട്രീയ ശക്തികേന്ദ്രവും ജന്മസ്ഥലവുമായ ബാരാമതിയിലാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ ഒന്‍പതിന് ബാരാമതിയിലെ വിദ്യാ പ്രത്ഷ്ഠാന്‍ മൈതാനത്താണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. അജിത് പവാര്‍ അനുയായികളും എന്‍സിപി പ്രവര്‍ത്തകരുമായ ആയിരക്കണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

അഞ്ച് സ്ഥലങ്ങളിലൂടെ വിലാപയാത്ര പോകണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജനക്കൂട്ടത്തിന്റെ തിരക്കിനെ തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര, മക്കളായ പാര്‍ഥ്, ജയ് എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ, ശിവസേന മേധാവും മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ എന്നിവരും അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.

ബാരാമതി വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനമായ ലിയര്‍ജെറ്റ് 45 തകര്‍ന്നുവീണാണ് 66 വയസുകാരനായ അജിത് പവാര്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചത്. ബാരാമതിയിലെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് വിമാനത്തില്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്.