- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര വിഗ്രഹത്തിലെ രണ്ട് സ്വര്‍ണമാലകള്‍ കവര്‍ന്നു; പകരം മുക്കുപണ്ടം ചാര്‍ത്തി ഭക്തരെ കബളിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍; സ്വര്‍ണം കണ്ടെടുത്തു

അമ്പലപ്പുഴ: മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയില്‍നിന്ന് താലിയോടുകൂടിയ രണ്ട് സ്വര്‍ണമാലകള്‍ കവര്‍ന്ന് പകരം മുക്കുപണ്ടം ചാര്‍ത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കളവുപോയ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ സിഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാടുള്ള സ്വര്‍ണാഭരണശാലയില്‍നിന്നാണ് മാലകള്‍ കണ്ടെടുത്തത്. കേസിലെ പ്രതിയായ ക്ഷേത്രം മുന്‍ പൂജാരി പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറുമായി (46) നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്.
രണ്ടര ലക്ഷം രൂപ വിലവരുന്ന 17 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ശ്രീകുമാര്‍ കവര്‍ന്നത്. ഇയാള്‍ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നേരത്തെ ക്ഷേത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം ചാര്‍ത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
റിമാന്‍ഡിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഒമ്പത് എട്ടും ഗ്രാം തൂക്കം വരുന്ന രണ്ട് മാലകള്‍ പ്രതി പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 35,000 രൂപയ്ക്ക് പണയം വെച്ചിരുന്നു. പിന്നീട് പണയത്തുകയടച്ച് തിരിച്ചെടുത്ത സ്വര്‍ണം പാലക്കാടുള്ള സ്വര്‍ണാഭരണശാലയില്‍ വില്‍ക്കുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു.


