മുംബൈ: പോലീസുകാരെന്ന വ്യാജേന കെനിയന്‍ സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി 66 ലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതിയെ മുംബൈ പോലീസ് വലയിലാക്കി. താനെ സ്വദേശിയായ സുരേഷ് രംഗ്‌നാഥ് ചവാനെയാണ് (48) മാതാ രമാഭായ് അംബേദ്കര്‍ മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി നല്‍കിയ പരാതിയിലുള്ള തുകയേക്കാള്‍ വലിയൊരു തുക പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് പോലീസിനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

ജനുവരി 21-നായിരുന്നു കേസിനാസ്പദമായ സംഭവം. കെനിയന്‍ സ്വദേശിനിയായ സുമയ്യ മുഹമ്മദ് അബ്ദി (26) ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ എംജി റോഡില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തങ്ങള്‍ പോലീസുകാരാണെന്നും ബാഗുകള്‍ പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പരിശോധനയ്‌ക്കെന്ന വ്യാജേന സുമയ്യയുടെ കയ്യിലുണ്ടായിരുന്ന രണ്ട് ബാഗുകള്‍ ഇവര്‍ കൈക്കലാക്കി. ബാഗിനുള്ളില്‍ 66.45 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്.

ചോദ്യം ചെയ്യലിനായി ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ട ശേഷം യുവതിയുടെ കണ്ണ് വെട്ടിച്ച് ഇവര്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. താന്‍ ചതിക്കപ്പെട്ടുവെന്ന് മനസ്സിലായ യുവതി ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ 60-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയായ സുരേഷ് ചവാനെയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 79.35 ലക്ഷം രൂപ കണ്ടെടുത്തു.

യുവതി പരാതിയില്‍ പറഞ്ഞ 66.45 ലക്ഷത്തേക്കാള്‍ 12 ലക്ഷത്തിലധികം രൂപ അധികമായി ഇയാളുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഇതോടെ സമാനമായ മറ്റ് തട്ടിപ്പുകളും ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന നിഗമനത്തിലാണ് പോലീസ്. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കവര്‍ച്ചാ കഥകള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.