- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടര്‍പ്പട്ടിക പരിഷ്കരണം: പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കേരളത്തില്‍ തീവ്രവോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് എതിര്‍പ്പുകളും പരാതികളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 23ന് ആണ് കേരളത്തില്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചത്. ജനുവരി 22 വരെയാണ് പരാതികളും എതിര്‍പ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നത്. തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സമയപരിധി 30 വരെ നീട്ടിയത്.
അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളില്‍ ദുരൂഹത ഒഴിയുന്നില്ല. ആദ്യം കൂട്ടത്തോടെ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് പുറത്താക്കിയെങ്കില്‍ ഇപ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത. 26,01,201 പേരെ ഉള്‍പ്പെടുത്തിയതായാണ് കമീഷന്റെ വെബ്സൈറ്റിലുള്ളത്. ഇൗ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. ഇത്രയധികം പേര്‍ എങ്ങനെ ഉള്‍പ്പെട്ടു എന്നത് ദുരൂഹമാണ്. ലഭിക്കുന്ന അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പകര്‍പ്പ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലഭ്യമാക്കണമെന്നും കത്തിലുണ്ട്.


