കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ പോസ്റ്റില്‍ നിന്ന് റോഡിലേക്ക് വീണ കേബിളില്‍ കുരുങ്ങി യുവാവിന് ആഴത്തില്‍ മുറിവേറ്റു. കുന്ദമംഗലം സ്വദേശിയായ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ കൈപ്പത്തിയില്‍ ആഴത്തിലുള്ള മുറിവേറ്റു. ബൈക്കിന് വേഗം കുറവായത് കൊണ്ടാണ് കേബിള്‍ കഴുത്തില്‍ കുരുങ്ങാതിരുന്നതെന്ന് ബിജു പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് കുന്ദമംഗലം പന്തീര്‍പ്പാടം സ്വദേശിയായ ബിജുവിന് കേബിള്‍ കയ്യില്‍ കുരുങ്ങി പരിക്കേല്‍ക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് കേബിള്‍ കിടന്നിരുന്നത് എന്ന് ബിജു പറയുന്നു.

പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഹോണടിച്ചപ്പോള്‍ വണ്ടി സൈഡാക്കിയതാണ്. കേബിള്‍ കയ്യില്‍ കുരുങ്ങി രക്തസ്രാവമുണ്ടായി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയി. ആ സമയത്ത് അവിടെ ആരും ഇല്ലായിരുന്നെങ്കില്‍ താന്‍ വളരെയധികം ബുദ്ധിമുട്ടിയേനെയെന്നും ബിജുവിന്റെ വാക്കുകള്‍. പെട്ടെന്ന് കാഴ്ചയില്‍ പെടുന്ന രീതിയിലായിരുന്നില്ല കേബിള്‍ കിടന്നിരുന്നത്. അവിടങ്ങളില്‍ ഒരുപാട് സ്ഥലത്ത് ഇത്തരത്തില്‍ കേബിളുകള്‍ കിടക്കുന്നുണ്ട്.