കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിറപ്പിച്ച് യുവാവിന്റെ ഇടപെടല്‍. യുകെയില്‍ നിന്നെത്തിയ യുവാവ് കസ്റ്റംസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകളോളം വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയ കാഞ്ഞൂര്‍ സ്വദേശി ജെറിന്‍ ഡേവിസാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ജെറിന്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. ലഗേജ് പരിശോധനയ്ക്കിടെ ബാഗ് തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് യുവാവ് നിയന്ത്രണം വിട്ട് പെരുമാറിയത്. പരിശോധനയ്ക്ക് സമ്മതിക്കാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ജെറിന്‍, അവരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് പുറമെ ലഗേജ് ഉപേക്ഷിച്ച് കടന്നുകളയാനും ഇയാള്‍ ശ്രമം നടത്തി.

മറ്റ് യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കിയതോടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും യുവാവിനെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു. യുവാവിന്റെ ബാഗ് വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം. യാതൊരു പ്രകോപനവുമില്ലാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്.