- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 പവനും വിദേശ കറന്‍സിയും ലാപ്ടോപ്പും പോയി; മാന്നാറിലെ പ്രവാസിയുടെ വീട്ടില്‍ നടന്ന വന്‍ മോഷണത്തില്‍ തുമ്പുണ്ടാക്കാനാവാതെ പോലീസ്

അലപ്പുഴ: മാന്നാറില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടത്തിയത് ആരെന്ന് ഇനിയും കണ്ടെത്താനായില്ല. ചെന്നിത്തല വലിയ വീട്ടില്‍ ജോസിന്റെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണവും വിദേശ കറന്‍സിയും ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ജോസും കുടുംബവും വീട്ടിലില്ലാതിരുന്ന വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. അലമാരകള്‍ കുത്തിപ്പൊളിച്ച് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.
രണ്ട് മാസം മുന്‍പാണ് ജോസും കുടുംബവും യുകെയില്‍ നിന്ന് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഇവര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ ലൈറ്റ് അണയ്ക്കാന്‍ എത്തിയ ജീവനക്കാരനാണ് വീടിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചത്. 20 പവന്‍ സ്വര്‍ണ്ണത്തിന് പുറമെ, 25 യുകെ പൗണ്ട്, പാസ്പോര്‍ട്ട്, ലാപ്ടോപ്പ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ വീടിനുള്ളില്‍ നിന്ന് മണം പിടിച്ച് ഏകദേശം ഒരു കിലോമീറ്ററോളം ഓടി മാന്നാര്‍-മാവേലിക്കര സംസ്ഥാന പാതയിലാണ് ചെന്നുനിന്നത്. പ്രതികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാന്നാര്‍ എസ്എച്ച്ഒ ഡി. രജീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.


