കണ്ണൂര്‍: ബംഗളൂരുവില്‍ വ്യവസായി സി ജെ റോയിയുടെ മരണം സംബന്ധിച്ച് കുടുംബം ഉയര്‍ത്തിയ പരാതികള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാന്‍ സാധ്യതയുള്ള അവസ്ഥയാണുള്ളത്. ബംഗളൂരുവില്‍ റെയ്ഡ് നടക്കുന്നതിനിടയില്‍ എന്താണ് നടന്നത് എന്ന് നമുക്കറിയില്ല.

വലിയ വ്യവസായ ശൃംഖലയുള്ള വ്യവസായി ജീവനൊടുക്കിയത് റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് എന്നാണ് കുടംബം പരാതി ഉന്നയിക്കുന്നത്. മരണശേഷവും ഒന്നരമണിക്കൂര്‍ റെയ്ഡ് തുടര്‍ന്നു എന്നാണ് പറയുന്നത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്നം. റെയ്ഡില്‍ കണ്ടെത്തുന്ന ഏതുകാര്യവും നിയമപരമായി പരിഹരിക്കാന്‍ കഴിയും. എന്നിട്ടും ഇത്തരത്തിലുള്ള മരണം എന്തുകൊണ്ട് ഉണ്ടായി എന്നത് പരിശോധിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.