കൊല്ലം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താംക്ലാസ് സിലബസ് വെട്ടിച്ചുരുക്കാന്‍ തീരുമാനം. നിലവിലുള്ള പാഠഭാഗങ്ങളില്‍ 25 ശതമാനത്തോളം കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തേവലക്കര ബോയ്സ് ഹൈസ്‌കൂളിനു സമീപത്തെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ കൈമാറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുമായുള്ള സംവാദമാണ് നിര്‍ണായക പ്രഖ്യാപനത്തിന് വഴിയൊരുക്കിയത്. പരിപാടിക്കിടെ മൂന്ന് കുട്ടികള്‍ മന്ത്രിയുടെ അടുത്തെത്തി പഠനഭാരം കൂടുതലാണെന്ന് പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രസംഗത്തിനിടെ മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. പത്താംക്ലാസില്‍ സിലബസ് കൂടുതലാണെന്ന പരാതി വ്യാപകമാണെന്നും ഇതുകണക്കിലെടുത്താണ് പാഠഭാഗങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സിലബസ് കുറയ്ക്കുന്ന കാര്യത്തിന് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കിക്കഴിഞ്ഞു. പാഠഭാഗങ്ങള്‍ 25 ശതമാനം കുറയ്ക്കുമെങ്കിലും ഉള്ളടക്കത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മിഥുന്റെ മാതാപിതാക്കള്‍ക്ക് താക്കോല്‍ കൈമാറി.