കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളായ രണ്ട് യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം. പാഴൂര്‍ എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കില്‍ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ തസ്നീം ,തന്‌സീല്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിയത്തൂര്‍ പഴമ്പറമ്പ് സ്വദേശി ഇര്‍ഫാനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിക്കേറ്റ രണ്ടു പേരുടെയും സഹോദരനായ തന്‍സീഫും പ്രതിയും സുഹൃത്തുക്കളായിരുന്നു. പണമിടപാടിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തന്‍സീഫിനെ ഇര്‍ഫാന്‍ വീട്ടിലെത്തി മര്‍ദിച്ചു. തുടര്‍ന്ന് ഇര്‍ഫാന്‍ തന്നെ തന്‍സീഫിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന തന്‍സീഫിന്റെ സഹോദരന്‍മാര്‍ കാറില്‍ പോകുകയായിരുന്ന ഇര്‍ഫാനെ തടയാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് കാറിടിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതി ഇര്‍ഫാന്‍ നിലവില്‍ ഒളിവിലാണ്. കാറിടിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.