ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവില്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മത്സര രംഗത്തേക്ക് ഇറങ്ങാന്‍ താല്പര്യപ്പെടുന്നില്ലെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. മുന്നൂറോളം പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാറില്‍ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണകാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികള്‍ക്കായി സൗജന്യമായി വീട് നിര്‍മിക്കുമെന്നും മൂന്നാറില്‍ അടുത്ത മാസം വമ്പന്‍ പ്രഖ്യാപനങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തുമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു എസ് രാജേന്ദ്രന്‍ സിപിഐഎം വിട്ട് ബിജെപി പാളയത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്‍ന്നതെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില്‍ വളരെയധികം മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് ടേമിലായി 15 വര്‍ഷം സിപിഎമ്മിന്റെ ദേവികുളം എംഎല്‍എയായിരുന്നു എസ് രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് രാജേന്ദ്രന്‍ ബിജെപിയോട് അടുത്തത്.