നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കൈക്കൂലി വിവരങ്ങള്‍. മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്ന് ഔട്ട്ലെറ്റ് ജീവനക്കാര്‍ മാസം തോറും എട്ടു ലക്ഷത്തോളം രൂപ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ബ്രാന്‍ഡ് പ്രമോഷന്റെ പേരില്‍ നടക്കുന്ന ഈ പണപ്പിരിവ് എല്ലാ മാസവും കൃത്യമായ ഗഡുക്കളായാണ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നത്.

നിശ്ചിത മദ്യ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വിറ്റഴിക്കുന്നതിനുമാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് ഈ 'വിഹിതം' നല്‍കുന്നത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് 80,150 രൂപ പണമായി പിടിച്ചെടുത്തു. എന്നാല്‍ രണ്ടര ലക്ഷത്തോളം രൂപ അന്ന് ഔട്ട്ലെറ്റില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന് ലഭിച്ച രഹസ്യവിവരം. വിജിലന്‍സ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് ലക്ഷങ്ങള്‍ ഇവിടെനിന്ന് കടത്തിയതായും സംശയമുണ്ട്.

ഔട്ട്ലെറ്റിലെ 11 ജീവനക്കാരില്‍ ഒന്‍പത് പേരുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്. നേരിട്ടുള്ള പണമിടപാടുകള്‍ക്ക് പുറമെ ആധുനിക രീതിയിലുള്ള ഗൂഗിള്‍ പേ കൈമാറ്റങ്ങളും ഇവര്‍ ശീലമാക്കിയിരുന്നതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കൈക്കൂലിപ്പണം പിടികൂടിയതിന് പുറമെ, ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാര്‍ മദ്യപിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉടന്‍ തന്നെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും. വിജിലന്‍സ് എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.