തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രധാന പ്രതിയും ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുധീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് നടന്ന് 90 ദിവസം പിന്നിട്ടിട്ടും വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് രണ്ട് കേസുകളിലും ഇയാള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.

അതേസമയം, കേസിലെ മറ്റൊരു പ്രമുഖ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന് കോടതി ജാമ്യം അനുവദിച്ചില്ല. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ എന്‍. വാസുവിനെ 14 ദിവസത്തേക്ക് കൂടി കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ക്രമക്കേടുകളിലും വാസുവിന് നേരിട്ട് പങ്കുണ്ടെന്ന വിജിലന്‍സ് വാദം കണക്കിലെടുത്താണ് നടപടി.

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികളിലും വഴിപാടുകളിലും വലിയ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലാണ് ഈ ഉന്നത ഉദ്യോഗസ്ഥരെ അഴിക്കുള്ളിലാക്കിയത്. സുധീഷ് കുമാറിന് ജാമ്യം ലഭിച്ചതോടെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് വിജിലന്‍സ് സംഘം.