- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന; ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി; കേരളത്തില്‍വെച്ച് കാണാമെന്ന് പ്രതികരണം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണം നിലനില്‍ക്കെ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം കേരളത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, താന്‍ കേരളത്തില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. സര്‍ക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി കേരളത്തില്‍ ഒരു മീഡിയ ബ്രീഫിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തില്‍ എയിംസ് വരുമെന്ന് പല വേദികളിലും ആവര്‍ത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും നടപ്പായില്ല. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നല്‍കിയില്ലെങ്കില്‍ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
എയിംസിന്റെ കാര്യത്തില്‍ കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇക്കുറിയും കേന്ദ്രം അവഗണിച്ചത്. ആരോഗ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അതിവേഗ റെയില്‍ ഇടനാഴി, വിഴിഞ്ഞം പദ്ധതി എന്നിവക്കും കേരളത്തെ പരിഗണിച്ചില്ല.


