കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടക്കയം ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസ് ആണ് കത്തിയത്. മധുരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടം സമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ബസില്‍ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബസിന്റെ സീറ്റുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.