കോട്ടയം: പള്ളിക്കത്തോട് കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി ഷൂട്ടിങ് ഓഡിറ്റോറിയത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ സജ്ജീകരിച്ചിരുന്ന റൂറല്‍ സെറ്റ് കത്തിനശിച്ചു. അപകടസമയത്ത് ഷൂട്ടിങ് സെറ്റില്‍ ആരുമുണ്ടായിരുന്നില്ലെന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആറു ലക്ഷത്തോളം രൂപ ചെലവുവരുന്ന സെറ്റാണ് കത്തിനശിച്ചത്.

പാമ്പാടി, പാലാ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. തിങ്കളാഴ്ച പകല്‍ ഇവിടെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഷൂട്ടിങ്ങിനായി അടുപ്പ് പോലുള്ള സാധനങ്ങള്‍ ഒരുക്കിയിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.