തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് നേരെ പ്രതിപക്ഷം നടത്തിയ കയ്യേറ്റ ശ്രമത്തെയും ബഹളത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയില്‍ നിന്ന് കനത്ത പ്രഹരമേറ്റപ്പോള്‍ സഭയില്‍ വന്ന് ബഹളം വെച്ച് അത് തീര്‍ക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സഭയ്ക്കുള്ളിലെ സംഘര്‍ഷം പ്രതിപക്ഷം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ നടപടികളെ 'കോപ്രായങ്ങള്‍' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, സഭയില്‍ ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. ബാനര്‍ കെട്ടിയ വടി ഉപയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡിനെ തല്ലാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ അത് പിടിച്ചുവാങ്ങിയത്. സ്പീക്കറുടെ ഡയസിലേക്ക് എം.എല്‍.എമാര്‍ ചാടിക്കയറുന്ന സാഹചര്യം കേരളത്തിന് അപമാനമാണ്. ഈ അക്രമങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ന്യായീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലുള്‍പ്പെടെ മറുപടിയില്ലാത്തതിന്റെ വെപ്രാളമാണ് വി.ഡി. സതീശനും സംഘവും കാണിക്കുന്നത്. സഭ ആരംഭിച്ചത് മുതല്‍ നടപടികള്‍ തടസ്സപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. സ്പീക്കര്‍ പലവട്ടം നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും ചര്‍ച്ചകളോട് സഹകരിക്കാതെ അനാവശ്യ ബഹളം തുടരുകയായിരുന്നു. സ്വര്‍ണ്ണക്കേസിലെ നാണക്കേട് മറയ്ക്കാനാണ് പ്രതിപക്ഷം സഭയെ യുദ്ധക്കളമാക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.