നെടുമങ്ങാട്: നയാപൈസയുടെ ചാര്‍ജ് വര്‍ധനയില്ലാതെയാണ് കെഎസ്ആര്‍ടിസി വര്‍ധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ ആരംഭിച്ച ഡ്രൈവിങ് സ്‌കൂളിന്റെയും നവീകരിച്ച ഡിപ്പോ യാര്‍ഡിന്റെയും നിര്‍മിച്ച പ്രവേശനകവാടത്തിന്റെയും പുതിയ ദീര്‍ഘദൂര സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചത്. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യവും പ്രദാനം ചെയ്താണ് ഈ വളര്‍ച്ച കൈവരിക്കാനായത്. റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകള്‍ക്കും പരിഹാരമായി. ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന് കാണുനത്. അത് തുടരേണ്ടത് സര്‍ക്കാരിന്റെ മാത്രമല്ല, നാടിന്റെകൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോയില്‍നിന്ന് പുതുതായി ആരംഭിച്ച ദീര്‍ഘദൂര സര്‍വീസുകളായ നെടുമങ്ങാട്- പറശ്ശിനിക്കടവ്, നെടുമങ്ങാട്- - മാനന്തവാടി സര്‍വീസുകളുടെ ഫ്ലാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ആര്‍ ജയദേവന്‍, വൈസ് ചെയര്‍പേഴ്സണ്‍ ലക്ഷ്മി സുരാജ്, സ്ഥിരംസമിതി അധ്യക്ഷരായ എസ് എസ് ബിജു, സി സാബു, എം ശ്രീകേശ്, സബീന ബീവി, ലിസി വിജയന്‍, സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ്, കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍, ജെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.