ലക്‌നൗ: ഭാര്യയുമായി പ്രണയത്തിലാണെന്ന സംശയത്തെത്തുടര്‍ന്ന് 17 വയസ്സുകാരനെ യുവാവ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഷാജഹാന്‍പൂരിലെ രാവത്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കമലേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനീസ് (25) എന്നയാളെ ഷാജഹാന്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ 22 വയസ്സുള്ള ഭാര്യയുമായി കമലേഷിനു പ്രണയബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയുമായി കമലേഷ് ഫോണ്‍ വഴിയും വാട്ട്സ്ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രതി കണ്ടെത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ അനീസ് വെള്ളിയാഴ്ച രാത്രി കമലേഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി.

അതേസമയം, കമലേഷിനെ പ്രതി കൂട്ടിക്കൊണ്ടുപോകുന്നത് കുട്ടിയുടെ സഹോദരി കണ്ടിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപമാണ് കമലേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

കമലേഷിനെ വടികൊണ്ട് തലയ്ക്ക് പലതവണ അടിച്ചുവെന്ന് അനീസ് പോലീസിനോട് സമ്മതിച്ചു. കഠിനമായ മര്‍ദ്ദനമാണ് മരണത്തിന് കാരണമായതെന്ന് പോലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജിരാക്കി ജയിലിലേക്ക് അയച്ചു.