കണ്ണൂര്‍: കേരളത്തിലെ അതിവേഗ റെയില്‍പാത വിഷയത്തില്‍ ഇ. ശ്രീധരനെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊന്നാനിയില്‍ ഇത്തരമൊരു ഓഫീസ് തുടങ്ങുന്നത് ജനങ്ങളെ വഞ്ചിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ്. അതിവേഗ പാതയെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പോലും അനുകൂലമായ നിലപാട് പറയാത്ത സാഹചര്യത്തില്‍, ശ്രീധരന്റെ ഈ പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും എം. വി. ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ അതിവേഗ റെയില്‍ പാതയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി പറയുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ അതിവേഗ പാതകള്‍ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ കേരളത്തിന് അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചത്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതിനായുള്ള ഡിപിആര്‍ തയ്യാറാക്കാന്‍ എന്നവകാശപ്പെട്ട് ഇ. ശ്രീധരന്‍ ഓഫീസ് തുറന്നത്. പൊന്നാനിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളം ഉള്‍പ്പെട്ടിരുന്നില്ല.