മംഗളൂരു:കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വില്‍പന നടത്താനുള്ള ശ്രമത്തിനിടെ കുടക് സ്വദേശി കസ്റ്റഡിയില്‍.

ലോട്ടറി നിരോധം നിലവിലുള്ള കര്‍ണാടകയില്‍ അനധികൃതമായി വില്‍പ്പനക്ക് കടത്തുകയായിരുന്ന 72,000 രൂപ വിലയുടെ 1220 കേരള ഭാഗ്യക്കുറി ടിക്കറ്റുകളാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കുടക് മടിക്കേരിയിലെ ബാലെംബി ചാമ്പു ഗ്രാമത്തില്‍ താമസിക്കുന്ന എം.എല്‍. സിബിയെ (58) സുള്ള്യ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകള്‍ കര്‍ണാടകത്തിലേക്ക് കടത്തിയത്. സിബി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകള്‍ കണ്ടെത്തിയത്. ഉയര്‍ന്ന വിലക്ക് വില്‍പ്പനക്കായി കര്‍ണാടക-കുടക് അതിര്‍ത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വില്‍പന നടത്തുന്നതായി കര്‍ണാടക പൊലീസിന് വിവരം ലഭിച്ചിരുന്നു. കര്‍ണാടക ലോട്ടറി നിരോധന നിയമപ്രകാരം കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടു പോകുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറി വ്യാപാരം തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അധികൃതര്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ പതിവ് നിരീക്ഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും കേരള ലോട്ടറി ടിക്കറ്റുകള്‍ നിയമവിരുദ്ധമായ വില്‍പ്പനക്കായി കര്‍ണാടകയിലേക്ക് കടത്തുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരം ടിക്കറ്റുകളുടെ പ്രചാരം തടയുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ സമീപ മാസങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ആള്‍ക്കെതിരെ കര്‍ണാടക ലോട്ടറി, സമ്മാന മത്സര നിയന്ത്രണ, നികുതി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും.

കര്‍ണാടക പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ കര്‍ണാടക ലോട്ടറി നിരോധന നിയമപ്രകാരം 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024ല്‍ ഇത് 54 കേസുകളായി കുറഞ്ഞു. എന്നാല്‍, നവംബര്‍ വരെ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 64 ആയി വീണ്ടും ഉയര്‍ന്നു. അതിര്‍ത്തി ജില്ലകളില്‍ കര്‍ശന നിരീക്ഷണവും ഏകോപിത നടപടികളും വില്‍പ്പന തടയാന്‍ അത്യാവശ്യമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു.