കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പെരുമ്പാവൂരില്‍ മൊബൈല്‍ കട നടത്തുന്ന അന്‍വര്‍, മുനീറുല്‍ എന്നിവരെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി 20 പേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവായ ഷെരീഫാണ് പിടിയിലായത്. വ്യാജ പരാതിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭായ് കോളനി എന്ന് പേരുള്ള സ്ഥലത്ത് മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഷെരീഫിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനിയില്‍ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നും മൊബൈല്‍ ഷോപ്പിന്റെ മറവില്‍ ഇവരും മയക്കുമരുന്ന് വില്‍ക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ മര്‍ദിച്ചത്.

മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന ജനകീയ സമിതി അംഗങ്ങള്‍ക്കെതിരെ വ്യാജ പരാതിയില്‍ കേസെടുക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്. ജനകീയ മുന്നണിയുടെ പ്രവര്‍ത്തനം ഇഷ്ടമില്ലാത്ത ചിലരാണ് പരാതി നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.