കൊല്ലം: കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലില്‍ ആക്രമണം അഴിച്ചു വിടുകയും ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും മര്‍ദ്ദിച്ച പ്രതികളെ പോലീസ് പിടികൂടി. നെടുമ്പന ബീവി മന്‍സില്‍ ഉബൈദ്, കണ്ണനല്ലൂര്‍ മുട്ടക്കാവ് തെക്കേ ചരുവിള വീട്ടില്‍ ഹാഷിം എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലില്‍ വാഹനാ അപകടത്തില്‍ പരുക്കേറ്റ യുവാവിനെപ്പെം എത്തിയവര്‍ ഡോക്ടറെയും എട്ടോളം വരുന്ന ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണനല്ലൂരില്‍ കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികന്‍ കുളപ്പാടം സ്വദേശി അബ്ദുല്‍ റസാക്കിനെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഡോക്ടര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. പരിശോധനയില്‍ കാലിനു പൊട്ടലേറ്റതായി കണ്ടെത്തി.

അതിനിടെ യുവാവിന്റെ പിതാവും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി. പിതാവ് ഡോക്ടറോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചികിത്സ വൈകി എന്ന് ആരോപിച്ച് മുഖത്ത് ഫോണ്‍ ഉപയോഗിച്ച് അടിക്കുകയും ആയിരുന്നു. യുവാവിന്റെ സുഹൃത്തുക്കള്‍ അത്യാഹിത വിഭാഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സുരക്ഷാ ജീവനക്കാരന്‍ ജ്യോതിബാബു തടഞ്ഞതോടെ വലിയ സംഘര്‍ഷം ഉണ്ടായി.

ജ്യോതി ബാബുവിനെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയ മറ്റു സുരക്ഷാ ജീവനക്കാരെയും ഇവര്‍ ആക്രമിച്ചു. പരുക്കേറ്റ അബ്ദുല്‍ റസാഖിനെ പിതാവും മറ്റുള്ളവരും ചേര്‍ന്ന് ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് കൊട്ടിയം പോലീസ് സ്ഥലത്തെത്തി ആക്രമണം അഴിച്ചുവിട്ട രണ്ടു പ്രതികളെയും പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.