തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ നടപടികളില്‍ ഇളവുകള്‍ അനുവദിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആറാം പ്രവൃത്തി ദിനത്തില്‍ സ്‌കൂള്‍ റോളില്‍ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ രേഖകള്‍ ലഭിക്കാന്‍ വൈകിയ കുട്ടികളെയും തസ്തിക നിര്‍ണ്ണയത്തിനായി പരിഗണിക്കും. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പ്രത്യേക ഇളവ് നല്‍കിയാണ് ഈ നടപടി.

പുതിയ ഉത്തരവ് പ്രകാരം, ആറാം പ്രവൃത്തി ദിനത്തില്‍ യുഐഡിക്ക് അപേക്ഷിച്ചിട്ടും എന്‍ട്രോള്‍മെന്റ് നമ്പര്‍ മാത്രം ലഭിച്ച കുട്ടികളില്‍, 2025 ജൂലൈ 14-നകം ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ഉണ്ടെങ്കില്‍ അവരെയും തസ്തിക നിര്‍ണ്ണയത്തിനായി എണ്ണും. ആധാര്‍ ലഭിക്കാനുള്ള കാലതാമസം മൂലം അധ്യാപക തസ്തികകള്‍ നഷ്ടമാകരുതെന്ന സംഘടനകളുടെയും മാനേജ്മെന്റുകളുടെയും ആവശ്യം പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടല്‍.

പ്രധാന തീരുമാനങ്ങള്‍:

ജൂലൈ 14 സമയപരിധി: ആറാം പ്രവൃത്തി ദിനത്തിന് ശേഷം ജൂലൈ 14 വരെ ആധാര്‍ ലഭിച്ച കുട്ടികളെയും തസ്തിക കണക്കാക്കാന്‍ ഉള്‍പ്പെടുത്താം.

ധനവകുപ്പിന്റെ അനുമതി: യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിര്‍ണ്ണയ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഉടന്‍ അനുമതി ലഭിക്കുന്നതോടെ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും.

റിപ്പോര്‍ട്ട് ഉടന്‍: അധിക തസ്തികകള്‍ സംബന്ധിച്ച സമാഹൃത റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും കൈറ്റ് സിഇഒയ്ക്കും നിര്‍ദ്ദേശം നല്‍കി.

വ്യാജ അഡ്മിഷനുകള്‍ വഴി ഖജനാവിനുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെങ്കിലും, സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അധ്യാപകര്‍ പുറത്താകുന്നത് ഒഴിവാക്കാന്‍ ഈ ഇളവ് വലിയ ആശ്വാസമാകും. ആറാം പ്രവൃത്തി ദിനത്തിലെ ആകെ കുട്ടികളുടെ എണ്ണമാണ് തസ്തിക നിര്‍ണ്ണയത്തിലെ പ്രധാന മാനദണ്ഡം.