തിരുവനന്തപുരം: വഞ്ചിയൂര്‍ രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസില്‍. കെ.പി.സി.സി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ വിനോദിന് അംഗത്വം നല്‍കും. വിഷ്ണുവിന്റെ പേരില്‍ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തു എന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് വിനോദിന്റെ കൂടുമാറ്റം. മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയും വിനോദ് കടുത്ത വിമര്‍ശനമുന്നയിച്ചു.

2008-ല്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരില്‍ പത്തുലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. ഇതില്‍ അഞ്ചുലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയുടെ പേരില്‍ നല്‍കിയെങ്കിലും ബാക്കി അഞ്ചുലക്ഷം പാര്‍ട്ടി നേതാവ് വകമാറ്റി ചെലവാക്കി എന്നതാണ് പരാതി. മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ ഈ തുക സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഫണ്ട് തട്ടിപ്പിനെ തുടര്‍ന്ന് രവീന്ദ്രനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി പാര്‍ട്ടി അംഗമായി തരംതാഴ്ത്തിയിരുന്നു. എന്നാല്‍, ശിക്ഷാ നടപടിക്ക് വിധേയനായ ഇതേ നേതാവിന് പിന്നീട് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പദവി നല്‍കി ആദരിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്ന് വിനോദ് ആരോപിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് വിനോദിന്റെ പക്ഷം. രക്തസാക്ഷിയോട് കാണിച്ച ഈ അവഗണനയില്‍ പ്രതിഷേധിച്ചാണ് 15 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണമുള്‍പ്പെടെ ബി.ജെ.പി പിടിച്ചെടുക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, വഞ്ചിയൂര്‍ മേഖലയിലെ ഒരു രക്തസാക്ഷി കുടുംബത്തിന്റെ കൂടുമാറ്റം സി.പി.എമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.