- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്ണമോഷണകേസ്: ഹൈക്കോടതി നിലപാട് പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് എംവി ഗോവിന്ദന്‍

പിണറായി (കണ്ണൂര്‍): ശബരിമല സ്വര്‍ണ മോഷണക്കേസില്‍ എസ്ഐടി നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലപാട്, കേസില്‍ പുകമറ സൃഷ്ടിക്കാനുള്ള യുഡിഎഫ്- ബിജെപി നീക്കത്തിനേറ്റ തിരിച്ചടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസയോഗ്യവും പഴുതടച്ചതുമായ അന്വേഷണമാണ് എസ്ഐടി നടത്തുന്നതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. െൈഹക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ള മറുപടിയാണ്. സ്വര്‍ണമോഷണ കേസില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജനങ്ങളോട് മാപ്പ് പറയണം. എല്‍ഡിഎഫ് വടക്കന്‍മേഖല വികസന മുന്നേറ്റ ജാഥ ലീഡര്‍ കൂടിയായ എം വി ഗോവിന്ദന്‍ പിണറായിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ശബരിമല കേസ് ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി കൂടിയാണിത്. ശരിയായ ദിശയിലുള്ള അന്വേഷണം വഴിതിരിച്ചുവിടാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റും തന്ത്രിസമാജവും വിഎച്ച്പിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആര്‍ക്കെങ്കിലും ജാമ്യം ലഭിച്ചത് കൊണ്ട് കേസ് അസാധുവാകുന്നില്ലെന്നും കുറ്റപത്രം വൈകുന്നതില്‍ ആശങ്ക വേണ്ടതില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കുറ്റക്കാരാരും രക്ഷപ്പെടാത്ത വിധം പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി നേതാക്കളിലേക്കടക്കം അന്വേഷണം എത്തുമെന്ന് വന്നപ്പോഴാണ് സിബിഐ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച സിബിഐ അന്വേഷണ ആവശ്യത്തിനായി ബിജെപിസംസ്ഥാന പ്രസിഡന്റാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള അന്വേഷണമാണിത്. സിബിഐക്ക് വിടണോ വേണ്ടയോ എന്നതടക്കം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ചര്‍ച്ച നടന്നാല്‍ എതിരാകുമെന്നതിനാലാണ് അസംബ്ലിയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത്. ബിജെപിയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ല. വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലവും കമ്യൂണിസ്റ്റ് പ്രസ്ഥാനം. വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരെ പൊരുതാനാവില്ല. വര്‍ഗീയതയെ ചെറുക്കാന്‍ വിശ്വാസികളടക്കമുള്ളവരെ ചേര്‍ത്ത് മുന്നോട്ട് പോകും. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയ കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


