- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ്ണ മോഷണം: തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് നീട്ടി; ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ്

കൊല്ലം : ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. സ്വര്‍ണ്ണം മോഷ്ടിച്ചതിലും അത് കടത്തിയതിലുമുള്ള ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (ടകഠ) വാദം പരിഗണിച്ചാണ് റിമാന്‍ഡ് നീട്ടിയത്.
സ്വര്‍ണ്ണ മോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രണ്ട് തവണ സ്വര്‍ണ്ണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ട്. പ്രതികളുമായി തന്ത്രി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വാദിച്ചു.
തന്ത്രിയുടെ കൈപ്പട ശാസ്ത്രീയമായി പരിശോധിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ദ്വാരപാലക പാളികള്‍ കൊടുത്തുവിടാന്‍ അനുമതി നല്‍കിക്കൊണ്ട് തന്ത്രി സ്വന്തം കൈപ്പടയിലാണ് കത്ത് നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് തെളിയിക്കുന്നതിനായി തന്ത്രിയുടെ രചനാ രീതിയും ഒപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സന്നിധാനത്തെ അതീവ സുരക്ഷയുള്ള ഭാഗത്തുനിന്ന് സ്വര്‍ണ്ണം കടത്താന്‍ തന്ത്രിയുടെ ഔദ്യോഗിക അനുമതി പത്രം പ്രതികള്‍ക്ക് സഹായമായെന്നാണ് പൊലീസ് നിഗമനം.


