- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ പ്രചാരണം: യുവാവ് ജീവനൊടുക്കിയ കേസില്‍ ഷിംജിത പോലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട് : ബസ് യാത്രയ്ക്കിടെ പകര്‍ത്തിയ അപകീര്‍ത്തികരമായ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍, മുസ്ലിം ലീഗ് വനിതാ നേതാവ് ഷിംജിത മുസ്തഫയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഷിംജിതയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് അഞ്ചു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് മനംനൊന്ത് ജനുവരി 18-നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. വടകരയിലെ ലീഗ് നേതാവും അരീക്കോട് പഞ്ചായത്ത് മുന്‍ അംഗവുമായ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മഞ്ചേരി വനിതാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികതയില്ലെന്നും ഷിംജിതയ്ക്ക് പീഡനശ്രമമോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ നേരിട്ടതായി ദൃശ്യങ്ങളിലില്ലെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ പകര്‍ത്തിയത്. ഇവ പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജനപ്രതിനിധിയായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ചും വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിട്ടും പോലീസില്‍ പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


