കൊച്ചി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം ഉടന്‍ സാധ്യമായേക്കുമെന്ന് സൂചന. റമദാന്‍ ആചരണത്തിന് ശേഷം മോചന നടപടികളില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവും യെമന്‍ സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

നേരത്തെ കടുംപിടിത്തം തുടര്‍ന്നുവന്ന തലാലിന്റെ സഹോദരന്‍ ഇപ്പോള്‍ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. നേരത്തെ 36 കോടി രൂപ ദിയാധനം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചിരുന്നു. നിലവില്‍ യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വിസ പുതുക്കുന്നതിനും നടപടികള്‍ തുടങ്ങി. 2017-ല്‍ നടന്ന കൊലപാതക കേസില്‍ 2018 മുതല്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ സജീവമായിരുന്നു. എന്നാല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ അവിടെയുള്ള സൂഫി പണ്ഡിതരുമായി നടത്തിയ ചര്‍ച്ചകളും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും ശിക്ഷാ നടപടികള്‍ മരവിപ്പിക്കാന്‍ സഹായിച്ചു.

നിലവില്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ തലാലിന്റെ കുടുംബവുമായി മൂന്ന് വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. യെമന്‍ ഭരണകൂട പ്രതിനിധികളും സുപ്രീം കോടതി ജഡ്ജിയും ഉള്‍പ്പെട്ട ചര്‍ച്ചകളില്‍ മഹ്ദിയുടെ സഹോദരന്‍ പങ്കെടുത്തത് ശുഭപ്രതീക്ഷ നല്‍കുന്നു. 2024 ഏപ്രിലില്‍ നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്കും കുടുംബത്തിനും അനുമതി ലഭിച്ചിരുന്നു. റമദാന്‍ പെരുന്നാളിന് ശേഷം മോചനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.