- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍: ഒന്നാം ഘട്ട ശിലാസ്ഥാപനം ശനിയാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കോഴിക്കോട്: രാജ്യത്തെ അവയവമാറ്റ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അവയവ തകരാറുകള്‍ക്കുള്ള ചികിത്സ, അവയവം മാറ്റിവയ്ക്കല്‍, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിട്ട് പൊതുമേഖലയില്‍ പൂര്‍ണ്ണ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരിക്കും ഇത്. ചേവായൂരിലെ 20 ഏക്കര്‍ സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണത്തിനായി 299 കോടി രൂപയും അത്യാധുനിക ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട രൂപകല്‍പ്പനയ്ക്കായി സിംഗപ്പൂര്‍, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തുടങ്ങുന്നവ ഉള്‍പ്പെടെ 31 അക്കാദമിക് കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കും. ഈ സ്ഥാപനം പൂര്‍ണ്ണസജ്ജമാകുന്നതോടെ അവയവമാറ്റ ചികിത്സാ രംഗത്ത് ഇന്ത്യയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തും.


