- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ

കൊച്ചി: കളമശേരിയില്‍ എച്ച്.എം.ടി കമ്പനിക്ക് സമീപം കുറ്റിക്കാട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. പരിശോധനാ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കുവൈത്തില്‍ വെച്ച് മദ്യദുരന്തത്തിന് ഇരയായി ഓര്‍മ്മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ കുവൈത്ത് അധികൃതര്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.
കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക ദൗത്യസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ നവംബര്‍ 30-നാണ് കളമശേരി എച്ച്.എം.ടി ഭാഗത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയതിനാല്‍ കൊല്‍ക്കത്തയില്‍ നിന്നെത്തിയ മകന്‍ സന്ദന്‍ ലാമയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് മൃതദേഹം ലാമയുടേത് തന്നെയാണെന്ന് ഉറപ്പിച്ചത്.
കുവൈത്ത് അധികൃതര്‍ ഓര്‍മ്മയില്ലാത്ത ഒരാളെ വിമാനത്താവളത്തില്‍ അനാഥനായി ഉപേക്ഷിച്ചതിലും, നെടുമ്പാശേരിയില്‍ എത്തിയ ഇദ്ദേഹത്തെ സുരക്ഷിതമായി ബന്ധുക്കളുടെ അടുത്തെത്തിക്കുന്നതില്‍ വന്ന വീഴ്ചയും വലിയ വിവാദമായിരുന്നു.


