ന്യൂഡല്‍ഹി: ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും ഭാര്യമാരായ ജിത ഭാസ്‌കര്‍, ശ്രീലത എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.

ബാങ്ക് മുന്‍ സെക്രട്ടറിയും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന ടി.ആര്‍. സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സഹകരണ വകുപ്പിന്റെ പരിശോധനയില്‍ തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കിയാണ് പോലീസ് ആദ്യം കേസെടുത്തത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസില്‍ ആകെ 31 പ്രതികളാണുള്ളത്.

ഇതില്‍ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ്, ജില്‍സിന്റെ ഭാര്യ എന്നിവര്‍ ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികളാണ്. വിവിധ കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളായ 26 പേരും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ ഒന്നിലേറെ തവണ അംഗങ്ങളായവരും നിലവില്‍ മരിച്ചുപോയവരും ഉള്‍പ്പെടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടുതല്‍ വ്യക്തമായത്.