- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മാഫിയയ്ക്കെതിരെ സംയുക്ത സമിതി; നിയമം കൈയിലെടുക്കരുതെന്ന് റൂറല്‍ എസ്.പി

കൊച്ചി: പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി കച്ചവടം തടയാന്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ ആരംഭിക്കുന്നു. റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ സമിതി യോഗത്തിലാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചത്. ജനങ്ങളും പോലീസും എക്‌സൈസ് വകുപ്പും സംയുക്തമായി ചേര്‍ന്ന് രൂപീകരിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാകും ഇനി പരിശോധനകള്‍ നടക്കുക.
നാട്ടുകാര്‍ സ്വന്തം നിലയില്‍ രൂപീകരിച്ചിട്ടുള്ള ചില സമിതികള്‍ നിയമം കൈയിലെടുക്കുന്നതും അക്രമാസക്തമാകുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസിന്റെ ഈ പുതിയ തീരുമാനം. ആരും സ്വമേധയാ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും എസ്.പി മുന്നറിയിപ്പ് നല്‍കി.
പെരുമ്പാവൂര്‍ ഭായ് കോളനിയിലെ ലഹരി വില്‍പനയ്‌ക്കെതിരെ പ്രതിഷേധിച്ച പൊതുപ്രവര്‍ത്തകന്‍ ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. ഷരീഫിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റാലി നടത്തിയിരുന്നു. ഒരു അന്യസംസ്ഥാന യുവാവിന്റെ പരാതിയിലാണ് ഷരീഫിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക സമിതി ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഫലപ്രദമാകുമെന്നാണ് പോലീസ് കരുതുന്നത്.


