തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന അധിക ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയത് വിവാദത്തില്‍. അധിക ബോണസ് നല്‍കുന്നത് മൂലം രാജ്യത്ത് നെല്ല് ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് പൊതുഖജനാവിന് വലിയ ബാധ്യതയാണെന്നുമാണ് കേന്ദ്രത്തിന്റെ വിചിത്രമായ വാദം. കേന്ദ്ര ചെലവ് വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

കൂട്ടിപ്പിടിച്ച് കേരളം നെല്ല് സംഭരണ വില കിലോയ്ക്ക് 30 രൂപയായി ഏകീകരിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ പാര പണിയല്‍. ഒക്ടോബര്‍ 20 മുതല്‍ നെല്ല് നല്‍കിയ മുഴുവന്‍ കര്‍ഷകര്‍ക്കും 30 രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക ബോണസായി നല്‍കുന്നത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ഇത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു. നെല്ലിന് പകരം മറ്റ് ധാന്യങ്ങള്‍ക്ക് ബോണസ് നല്‍കാനാണ് കേന്ദ്രത്തിന്റെ ഉപദേശം.

കേരളത്തിന് നല്‍കാനുള്ള കോടികളുടെ കുടിശ്ശിക കേന്ദ്രം പിടിച്ചുവെച്ചിരിക്കെയാണ് ഈ പുതിയ നിര്‍ദ്ദേശം. 2017 മുതല്‍ ഏകദേശം 1344 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കാനുള്ളത്. 2024-25 വര്‍ഷങ്ങളില്‍ മാത്രം 500 കോടിയോളം രൂപ ലഭിക്കാനുണ്ട്. അര്‍ഹമായ തുക നല്‍കാതെ കര്‍ഷകരെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിരോധം നെല്‍കൃഷി ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയ്ക്കുന്നുവെന്നും മണ്ണൊലിപ്പിന് കാരണമാകുന്നുവെന്നും ഉള്ള പരിസ്ഥിതി വാദങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകരെ സഹായിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറുന്നത്. എന്നാല്‍ പ്രളയത്തെയും കടുത്ത പ്രതിസന്ധികളെയും അതിജീവിച്ച് കൃഷി നടത്തുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് ബോണസ് നിര്‍ത്തലാക്കുന്നത് കടുത്ത ആഘാതമാകും. നിലവില്‍ ബാങ്കുകള്‍ വഴി പിആര്‍എസ് വായ്പയായി തുക വിതരണം ചെയ്യാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.