തിരുവനന്തപുരം: എം സി റോഡില്‍ കെ എസ് ആര്‍ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. വെമ്പായത്തിനുസമീപം കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. സ്‌കൂട്ടറിന് സൈഡുകൊടുക്കവെയായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറുമായാണ് ബസ് കടയിലേക്ക് പാഞ്ഞുകയറിയത്. സ്‌കൂട്ടര്‍ യാത്രക്കാരനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു.

ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് മേഖലയില്‍ വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷമാണു ബസിന്റെ നിയന്ത്രണം വിട്ടത്. തുടര്‍ന്ന് സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.